സ്കൂൾ അങ്കണങ്ങൾ വരവേൽപ്പിനൊരുങ്ങി


   പുതിയ അദ്ധ്യായന വർഷം പടിവാതിക്കലെത്തി നിൽക്കെ കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ റെഡിയായി. സ്കൂളും പരിസരങ്ങളും ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ശുചിമുറികൾ, അടുക്കള, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും പെയിന്റിഗും നടക്കുന്നുണ്ട്. സ്കൂളുകളിലേക്കുള്ള വഴി മുതൽ ക്യാമ്പസ് മുഴുവൻ ശുചീകരിക്കുന്നുണ്ട്. ജല പരിശോധന, ആരോഗ്യ പരിശോധന, ഡ്രൈവർമാരുടെ ശാരീരിക ക്ഷമത, വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ ഉൾപ്പെടെയും ഉറപ്പാക്കുന്നുണ്ട്. പാഠപുസ്തക വിതരണത്തിൽ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയാണ് മുന്നിൽ. 




പാഠപുസ്തക വിതരണം 93 ശതമാനം പൂർത്തികരിച്ചിട്ടുണ്ട്. 31 ഓടെ മുപ്പത് ലക്ഷം പുസ്തകങ്ങളും വിതരണം പൂർത്തിയാക്കും. കുടുംബശ്രീ മുഖേനയാണ് അതാത് സ്‌കൂൾ സൊസൈറ്റികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. ജില്ലയിലെ 333 സൊസൈറ്റികളിൽ നിന്നായി സ്കൂളുകൾ പുസ്തകം നേരിട്ട് വന്ന് ശേഖരിക്കുകയാണ്. യൂണിഫോം വിതരണവും പൂർത്തീകരിച്ചു. ജില്ലയിലെ മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അദ്ധ്യാപക പരിശീലനങ്ങൾ മേയ് 16 മുതൽ 20 വരെ ഒരു സ്‌പെൽ പൂർത്തീകരിച്ച് രണ്ടാം സ്പെൽ ആരംഭിച്ചു. വിവിധ ക്ലാസുകളിലേക്കുള്ള പ്രമോഷൻ മേയ് രണ്ടിന് തന്നെ പൂർത്തിയായി. കൂടാതെ 'എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ പഠിക്കും', 'അദ്ധ്യാപകർ വീടുകളിലേക്ക്' ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്. 17 ഉപജില്ലകളിലും മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും പ്രധാനാദ്ധ്യാപക യോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാതല പി.ടി.എ സംഗമങ്ങളും പുരോഗമിക്കുകയാണ്. സ്റ്റാഫ് മീറ്റിംഗുകളും എസ്.ആർ.ജി യോഗങ്ങളും ചേർന്ന് അക്കാഡമിക് മാസ്റ്റർ പ്ലാൻ, മറ്റ് സൂക്ഷ്മതല ആസൂത്രണങ്ങളും നടത്തി.

ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ജില്ലാത്തല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. തോട്ടത്തിൽ രവിന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ഡി.ഡി.ഇ മനോജ് മണിയൂർ കുട്ടികളെ വരവേൽക്കും. കൂടാതെ ജില്ലാതല, സബ് ജില്ലാതല, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തല, സ്‌കൂൾ തല പ്രവേശനോത്സവങ്ങൾ പ്രത്യേകം നടക്കും. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരഭിച്ചു.
       


Post a Comment

Previous Post Next Post
Paris
Paris