താനൂര്‍ ബോട്ട് ദുരന്തം; മരണം 22, മരിച്ചവരില്‍ ഒരു കുടുംബത്തിലെ 14 പേർ


മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഏഴ് കുട്ടികളും 3 സ്ത്രീകളുമുടക്കം 22 മരണം സ്ഥിരീകരിച്ചു. ബോട്ട് മുങ്ങിയ സ്ഥലത്ത്‌ എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.




അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വീഴ്ച വരുത്തിയവര്‍ക്കെതിരെ കർശ്ശനമായ നടപടിയുണ്ടാകുമെന്നും ബോട്ടിന്റെ ലൈസന്‍സ്, അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റിയത് തുടങ്ങിയ ആരോപണങ്ങളിലെല്ലാം അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ബോട്ട് ഉടമക്കെതിരെ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറാണ് ബോട്ടിന്റെ ഉടമ. ഇയാള്‍ ഒളിവിലാണെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യാത്ര നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവര്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടുകളിലുണ്ടായിരുന്നത്‌.

ബോട്ട് ഉടമകള്‍ പുഴയുടെ ആഴം കൂട്ടിയെന്നും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍ ബോട്ടിലുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം അഞ്ചിടങ്ങളിലായി പുരോഗമിക്കുകയാണ്. തിരൂരങ്ങാടി, മലപ്പുറം, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രികള്‍, തിരൂര്‍ ജില്ല ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ് എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. എത്രയും പെട്ടെന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
Paris
Paris