ന്യൂഡൽഹി : 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച വിദഗ്ദ സമിതി നിർദ്ദേശം. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഓയിൽ മിനിസ്ട്രിയുടെ വെബ്സൈറ്റിലാണ് റിപ്പോർട്ട് പങ്കുവച്ചിരിക്കുന്നത്.
10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നാണ് നിർദ്ദേശം. 2030ഓടെ ഇലക്ട്രിക് അല്ലാത്ത ഒരു സിറ്റി ബസും ഉണ്ടാവരുത്. 2024ൽ ഡീസൽ ബസ്സുകളുടെ എണ്ണം കൂട്ടരുത്. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി തരുൺ കപൂർ ആണ് എനർജി ട്രാൻസിഷൻ അഡ്വൈസറി സമിതിയുടെ തലവൻ. സമിതിയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭയുടെ അനുമതി തേടിയോ എന്നതിൽ വ്യക്തതയില്ല. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നത് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം വർധിപ്പിച്ചിട്ടുണ്ട്.

Post a Comment