പച്ചക്കറിയും പലവ്യഞ്ജനവും തൊട്ടാല്‍ പൊള്ളും; വില കുതിച്ചുകയറുന്നു

നിത്യോപയോഗ സാധനങ്ങളുടെ വില കുറവില്ലാതെ കുതിച്ചുകയറുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റിക്കിടക്കുന്ന അവസ്ഥയാണ്.

എങ്ങനെയാണ് കുടുംബത്തിലെ ചെലവ് കൊണ്ടുപോവുക എന്നറിയാതെ തലവേദനപിടിച്ചുനടക്കുകയാണ് ആളുകള്‍. 




പച്ചക്കറികളുടെയും പലവ്യഞ്ജനത്തിന്റെയും വില ദിവസംതോറും കൂടുകയാണ്. മംഗലപുരം കശ്മീരി മുളകിന് 200 രൂപക്ക് മുകളിലായി വര്‍ധന.

മൊത്തവിപണിയില്‍ ഒരു കിലോ കശ്മീരി മുളകിന് 740-800 രൂപയായി ഉയര്‍ന്നു. അടുത്തിടെ വരെ 540-600 രൂപയായിരുന്നു വില. ഗുണ്ടൂര്‍ (പാണ്ടി) വറ്റല്‍ മുളകിന് കിലോയ്ക്ക് 15 രൂപ ഉയര്‍ന്ന് മൊത്ത വിപണിയില്‍ 260 രൂപയായി. ഗുണ്ടൂര്‍ പിരിയന്‍ മുളകിനു 360 രൂപയായി. 10 രൂപയാണ് വര്‍ധിച്ചത്. കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയായി. വറ്റല്‍മുളക് 220ല്‍നിന്ന് 280 ആയി.

മുളക്, പയര്‍, പരിപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഉയരുകയാണ്.

പച്ചക്കറികളില്‍ ഇഞ്ചിക്കും വെളുത്തുള്ളിക്കും 100ന് മുകളിലാണ് കിലോ വില. അരി വില മാറ്റമില്ലാതെ തുടരുകയാണ്. പക്ഷേ ഇന്ധന സെസ് വര്‍ധിപ്പിച്ചത് വില വര്‍ധിക്കാനിടയാക്കുമോ എന്നൊരു ആശങ്ക നിലവിലുണ്ട്.

വെള്ളക്കടല, ഉഴുന്ന്, തുവരപ്പരിപ്പ്, വടപ്പരിപ്പ് എന്നിവക്ക് 100 രൂപക്ക് മുകളിലാണ് കിലോ വില. പച്ചക്കറികളില്‍ വെണ്ട, ബീറ്റ്റൂട്ട്, സവാള, തക്കാളി എന്നിവയ്ക്കാണ് വിലയില്‍ ആശ്വാസമുള്ളത്. ചെറുനാരങ്ങക്ക് 110-120 രൂപ, കാരറ്റ്, ബീന്‍സ്, കത്തിരി എന്നിവയ്ക്ക് 50ന് മുകളിലുമാണ് വില.

Post a Comment

Previous Post Next Post
Paris
Paris