'എൻ്റെ കൊടുവളളി ശുചിത്വ സുന്ദരം' പദ്ധതിയുമായി കൊടുവള്ളി നഗരസഭ


കൊടുവള്ളിയെ സമ്പൂർണ്ണ ശുചിത്വത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കൊടുവള്ളി നഗരസഭ. ക്ലീൻ കൊടുവള്ളി എന്ന ആശയം നടപ്പാക്കുന്നതിലേക്കായി ജൂൺ 30വരെ നീണ്ടു നിൽക്കുന്ന കർമ്മപദ്ധതികൾക്കും ക്യാമ്പയിനും കേരള പിറവി ദിനത്തിൽ തുടക്കമായി. കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തിയാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്.




കൊടുവള്ളി നഗരസഭയിലെ എല്ലാ ഡിവിഷനുകളും പ്ലാസ്റ്റിക്ക് മുക്തമാക്കുക, ജല സ്രോതസ്സുകൾ കുടിവെള്ളത്തിനുതകുന്ന രീതിയിൽ ശുദ്ധീകരിക്കുക, നഗരസഭയെ പൂർണമായി ലഹരി മുക്തമാക്കുക, മുഴുവൻ കടകളെയും സ്ഥാപനങ്ങളെയും ലൈസൻസുള്ളവയാക്കി മാറ്റുക, ചെറുപുഴയും പുനൂർ പുഴയും മാലിന്യ മുക്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. കൂടാതെ ഡിവിഷൻ തലത്തിൽ പദ്ധതി പഠന കമ്മിറ്റി, ശുചീകരണ കമ്മിറ്റി, ബോധവൽക്കരണ കമ്മിറ്റി, പ്രശ്ന പരിഹാര കമ്മിറ്റി എന്നിവ രൂപീകരിക്കും.

വീടുകളിൽ ബോധവത്ക്കരണം, ഹരിത കർമ്മസേന പ്രവർത്തന അവലോകനം, കീടനാശിനി നിയന്ത്രണ ബോധവൽക്കരണം, മാലിന്യ ഇടങ്ങൾ കണ്ടെത്തൽ, മാലിന്യ ഇടങ്ങൾ വൃത്തിയാക്കൽ, ഡിവിഷനുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കൽ, തോടുകൾ കുളങ്ങൾ മറ്റു ജല സ്രോതസ്സുകൾ വൃത്തിയാക്കൽ, റോഡുകളിലെ പുല്ല്, കാട് എന്നിവ നീക്കം ചെയ്യൽ എന്നിവ ഫെബ്രുവരി മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പൂർത്തീകരിക്കുമെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി മാധ്യമ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, മഹല്ല് കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് ഇതു സംബന്ധിച്ച പരിശീലനവും ബോധവൽക്കരണവും നൽകും.

വിളംബര ജാഥയെ  നഗരസഭാ ചെയർമാൻ നയിച്ചു. ഡെപൂട്ടി ചെയർപേഴ്സൺ കെ. എം സുഷിനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, വ്യാപാരി വ്യവസായികൾ, ഹരിതസേനാംഗങ്ങൾ, കുടുബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, സ്കൂൾ എസ്.പി.സി, എൻ.എസ്.എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris