വട്ടച്ചിറ ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം ഇ.എന്‍ നദീറ എഴുതുന്നു....
ഏറെ സന്തോഷവും അഭിമാനവും തോന്നിയ ദിവസമായിരുന്നു ഇന്ന്.....
തിരക്കുകള്‍ക്കിടയില്‍ നിന്ന് നിശ്ചയിച്ച പരിപാടിയിലേക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം പുറപ്പെടുമ്പോള്‍ ആകാംക്ഷയും ആശങ്കയും ആയിരുന്നു മനസ്സില്‍.
കോട മൂടിയ കോടഞ്ചേരിയുടെ പ്രകൃതിഭംഗി ആസ്വദിച്ചു കുന്ന് കയറി എത്തുമ്പോള്‍ ഞങ്ങളെ പ്രതീക്ഷിച്ചു കാത്തിരുന്നവര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പ്രതീക്ഷയുടെ തിരി നീട്ടിയ മിഴികളുമായി അവര്‍ ഞങ്ങള്‍ക്കു ചുറ്റും കൂടി.
സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ സാര്‍, മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി, സെക്രട്ടറി ഇ.കെ.കെ ബാവ എന്നിവര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. അഴിമതിയുടെ മതിലുകൊണ്ട് തീര്‍ത്ത കൂരകള്‍ ഇന്ന് തീര്‍ത്തും വാസയോഗ്യമല്ലാതായിരിക്കുന്നു.
ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും രോഗികളും ദുരിതത്തിന്റെ കയ്പ്പു നുണഞ്ഞു ജീവിക്കുന്നു. ഇടുങ്ങിയ ഇരുമുറി വീടുകളിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ കൂരകളിലും രണ്ടും മൂന്നും കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്നു.
നിരന്തരമായ ആനയുടെ ശല്യം കാരണം കുടിവെള്ളപൈപ്പുകളും കൃഷിയും നശിക്കുന്നത് തുടര്‍ക്കഥയാണവിടെ. രാഷ്ട്രീയപ്പാര്‍ട്ടികളും ഉദ്യോഗസ്ഥരും വിവരശേഖരണം നടത്തി വാഗ്ദാനങ്ങള്‍ നല്‍കി കുന്നിറങ്ങുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ചവറ്റുകൊട്ടയില്‍ എറിയുകയാണ് എന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.
തങ്ങള്‍ പറ്റിക്കപ്പെട്ടു എന്നതിന്റെ കഥ പറയുമ്പോള്‍ വാക്കുകള്‍ക്ക് കട്ടി കൂടുന്നതും തൊണ്ട ഇടറുന്നതും ഞങ്ങള്‍ കണ്ടറിഞ്ഞു. ഈ ദുരിതങ്ങള്‍ക്ക് ചേര്‍ന്ന് നിന്ന് അറുതി വരുത്താമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കൂടെയുണ്ടാകുമെന്നും ഉറപ്പു നല്‍കിയപ്പോള്‍ നിറഞ്ഞ കൈയടിയോടെ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. ഇനിയും വരും എന്ന് ഉറപ്പു നല്‍കി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഇവരെങ്കിലും ഞങ്ങള്‍ക്ക് രക്ഷയാകുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും ആയിരുന്നു അവരുടെ കണ്ണുകളില്‍. അവസാനമായി കൈ പിടിച്ച് യാത്ര പറഞ്ഞപ്പോള്‍ ഒരു സഹോദരി ചേര്‍ന്നുനിന്ന് അടക്കം പറഞ്ഞു.
മൊബൈല്‍ റേഞ്ച് തീരെ ഇല്ലാത്തത് കാരണം വാഹനം എത്താന്‍ വൈകിയതിനാല്‍ എന്റെ പ്രസവം ഈ കുന്നിലെ റോട്ടിലായിരുന്നു. ആശ്വാസ വാക്കുകള്‍ക്ക് ഇത്രയും ദാരിദ്ര്യം അനുഭവിച്ച നിമിഷം മുമ്പുണ്ടായിട്ടില്ല.
ഞങ്ങള്‍ക്കു പിന്നാലെ ഓടി വന്ന കുട്ടികള്‍ സാലിം ജീറോഡിന്റെ ക്യാമറക്കു മുന്നില്‍ വന്നു പാട്ടു പാടിയതിന് കുഞ്ഞുസമ്മാനം നല്‍കിയപ്പോള്‍ അവര്‍ക്കത് ആദ്യാനുഭവമാണെന്നത് ആ കുരുന്നു കണ്ണുകളില്‍നിന്ന് വായിച്ചെടുക്കാനായി. സ്വപ്നവും പ്രതീക്ഷയും ഉള്ള സാധാരണ മനുഷ്യര്‍ ഓമന പേരുകളുടെ ലേബലില്‍ സര്‍വ്വം സഹിക്കുന്നതിന്റെ നേര്‍ചിത്രമാണ് കണ്ടറിഞ്ഞത്. വാക്ക് കൊടുത്തത് പോലെ അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് ശക്തി ഉണ്ടാവട്ടെ.
Post a Comment