കോടിയേരിയുടെ മൃതദേഹം ഇന്നെത്തിക്കും, സംസ്കാരം നാളെ, കണ്ണൂരിൽ ഹർത്താൽ


കണ്ണൂർ: ഇന്നലെ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ ഭൗതിക ശരീരം ഇന്നുച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് വിലാപയാത്രയായി തലശേരിയിലേക്കു കൊണ്ടു പോകും. എകെജി സെന്ററിലടക്കം പാർട്ടി പതാക താഴ്ത്തികെട്ടി. തിങ്കളാഴ്‍ച്ച ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ തലശേരിയിലെത്തും.




കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകന്പടിയോടെ തലശ്ശേരിയിൽ എത്തിക്കും.

ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം.നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.നാളെ മൂന്ന് മണിക്ക് പയ്യാന്പലത്താണ് സംസ്കാരം.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും.പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും.കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി മക്കളായ ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയൻറെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു

Post a Comment

Previous Post Next Post
Paris
Paris