മുക്കം: ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം കേന്ദ്ര
സർക്കാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം.ശനിയാഴ്ച ചേർന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗമാണ് പ്രമേയം പാസാക്കിയത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ
കേരളത്തിലും നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ദാരിദ്ര്യ നിർമ്മാർജ്ജന, ഉപജീവന പ്രോത്സാഹന വികസന പദ്ധതികളിൽ ഒന്നായ തൊഴിലുറപ്പ് പദ്ധതി
2006 ഫെബ്രുവരി 2 നാണ് ഇന്ത്യയിലെ 200 ജില്ലകളിൽ തുടക്കം കുറിച്ചത്. കേരളത്തിൽ വയനാട്ടിലും, പാലക്കാടും ആദ്യവർഷവും, രണ്ടാം ഘട്ടത്തിൽ കാസർകോടും ഇടുക്കിയും,2008 ൽ ബാക്കി ജില്ലകളിലും ആരംഭിച്ചു. പദ്ധതി കഴിഞ്ഞ പതിനഞ്ച് വർഷമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലും നല്ലപോലെ പ്രവർത്തിച്ചുവരുന്നതായും
പഞ്ചായത്തിലെ 16വാർഡുകളിലും പദ്ധതി വഴി ഉപജീവനമാർഗം കണ്ടെത്തുന്നവർ ഒരുപാട് പേരുണ്ടന്നും പ്രമേയത്തിൽ പറയുന്നു.
എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നയ മാറ്റവും ദിശാസൂചനയും കാരണം, തൊഴിലുറപ്പ് പദ്ധതി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായും ഇതിനെതിരെ
ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്ത് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനും,ദരിദ്രർക്കും നിരാലംബർക്കും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് പദ്ധതിയെ പ്രയോജനപ്പെടുത്തുന്നതിനും കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ അഭിമുഖീകരിക്കുന്ന പ്രവർത്തന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരിശോധിക്കുന്നതിനും സമൂഹത്തിനും പ്രാഥമിക ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തുകളുടെ പ്രാദേശിക സാമ്പത്തിക വികസനം സജീവമാക്കുന്നതിനും കേന്ദ്ര ഗവൺമെൻ്റിനും ജില്ല
കളക്ടർക്കും നിവേദനം നൽകുന്നതിനും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ക്ഷേമകാര്യസ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് അവതരിപ്പിച്ച പ്രമേയത്തെ ബാബു പൊലുകുന്ന് പിന്താങ്ങി.
പദ്ധതിയിൽ തൊഴിലെടുക്കുന്നത് 90 ശതമാനവും സ്ത്രീകളായതിനാൽ പദ്ധതി തകർന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രികളെ ആയിരിക്കുമെന്നും അത് പാവപ്പെട്ട കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
ഒരു ഗ്രാമപഞ്ചായത്തിൽ തോട്ടം സംബന്ധമായ ജോലികളും പി.എം.എ.വൈക്ക് കീഴിലുള്ള പ്രവൃത്തികളും/ സംസ്ഥാന ഭവന പദ്ധതികൾ ഒഴികെ 20 എണ്ണം പ്രവൃത്തികൾ നില നിൽക്കുന്നുണ്ടെങ്കിൽ ഒരു പുതിയ ജോലിക്കുള്ള മസ്റ്റർ റോൾ നൽകില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.
പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നത് തൊഴിലന്വേഷകരുടെ ആവശ്യാനുസരണം തൊഴിലവസരങ്ങൾ നൽകുന്നതിന് ആവശ്യമായ ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഗ്രാമപഞ്ചായത്തുകളെ തടയും. കൂടാതെ, ഗ്രാമപഞ്ചായത്തുകളിൽ എപ്പോൾ വേണമെങ്കിലും എടുക്കാവുന്ന തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം കേരളം പോലൊരു സംസ്ഥാനത്ത് സാധ്യമല്ല.ഒരു വാർഡിലെ ഭൂമിശാസ്ത്രപരമായ വലുപ്പവും ജനസംഖ്യയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ഒരു ഗ്രാമപഞ്ചായത്തിന് തുല്യമാണ്. അതിനാൽ, ഇത് പഞ്ചായത്തിലെ പദ്ധതിയുടെ നടത്തിപ്പിനേയും പ്രതികൂലമായി ബാധിക്കും.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായ യോഗത്തിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ, കോമളം തോണിച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment