രാമനാട്ടുകര: ഏറെ പ്രതിസന്ധികളും കടമ്പകളും മറികടന്നു ഒടുവിൽ രാമനാട്ടുകര നഗരസഭാമന്ദിരം നിർമാണം തുടങ്ങി.
2017-ൽ ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോൾ അഞ്ച് വർഷത്തിനുശേഷം നിർമാണ പ്രവർത്തനം തുടങ്ങിയത്.
ഭൂമി മണ്ണിട്ടുനികത്തുന്ന ജോലിയും ടെസ്റ്റ് പൈലിങ്ങിന്റെ ഭാരപരിശോധനയുമാണ് ഒരാഴ്ച മുമ്പ് ആരംഭിച്ചത്. കിഫ്‌ബിയുടെ സാമ്പത്തികസഹായത്തോടെ 12.4 കോടി രൂപ ചെലവിൽ 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ നാലുനില കെട്ടിടമാണ് പണിയുന്നത്. കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിങ് മൂന്നെണ്ണം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. അതിലെ ഒന്നിന്റെ ഭാരപരിശോധന വ്യാഴാഴ്ച നടന്നു. 113 ടൺ ഭാരശേഷിയുള്ള പൈലിങ്ങിൽ 283 ടൺ ഭാരം കയറ്റിയാണ് പരിശോധന നടത്തിയത്. ബാക്കിയുള്ള രണ്ടു ടെസ്റ്റ് പൈലിങ്ങിന്റെ ഭാര പരിശോധനകൂടി വരുംദിവസങ്ങളിൽ നടത്തും.
ദേശീയപാതയിൽ ചെത്തുപാലം തോടിനുസമീപമുള്ള 1.02 ഏക്ര സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. തോടിനുസമീപമുള്ള സ്ഥലമായതിനാൽ ഏകദേശം ഒരു മീറ്റർ ഉയരത്തിൽ മണ്ണിട്ടു നികത്തണം. ഇത് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കണം എന്നാണ് കരാർ വ്യവസ്ഥ. മഞ്ചേരിയിലെ നിർമാൺ എന്ന സ്ഥാപനമാണ് കരാറെടുത്തത്.
കെട്ടിടത്തിനുവേണ്ടി 2017-ൽ എൽ.ഡി.എഫ്. നഗരസഭ സ്ഥലം ഏറ്റെടുത്തതുമുതൽ വിവാദങ്ങളായിരുന്നു. സ്ഥലം കൈമാറ്റ വ്യവസ്ഥയിൽ ഏറ്റെടുത്തതിൽ അഴിമതി നടന്നു എന്നതായിരുന്നു ആദ്യത്തെ ആരോപണം. ഈ പ്രശ്നം തീർന്നപ്പോൾ ഏറ്റെടുത്ത ഭൂമി ആധാരത്തിൽ വയൽ എന്ന് രേഖപ്പെടുത്തിയതിനാൽ സർക്കാരിൽനിന്ന് അനുമതി വാങ്ങിയേ കെട്ടിടം നിർമിക്കാൻ കഴിയൂ എന്ന സ്ഥിതിവന്നു. എന്നാൽ 2020-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭൂമി നികത്താനുള്ള അനുമതിവാങ്ങാതെ 2020 നവംബർ അഞ്ചിന് കെട്ടിടത്തിനു തിടുക്കത്തിൽ തറക്കല്ലിട്ടു.
പിന്നീട് യു.ഡി.എഫ്. നഗരസഭ നിലവിൽ വന്നതിനുശേഷമാണ് ഭൂമി നികത്താൻ അനുമതികിട്ടിയത്. പിന്നീട് വാങ്ങിയ ഭൂമിയിൽ പുറമ്പോക്ക് സ്ഥലം ഉൾപ്പെട്ടു എന്ന് മറ്റൊരു പരാതി ഉയർന്നു. ഇതെല്ലാം പരിഹരിച്ചു ഒടുവിൽ ടെൻഡർ നടപടിയിൽ എത്തിയപ്പോൾ ഇ-ടെൻഡറിൽ ഒരാൾമാത്രം അപേക്ഷ നൽകിയതിനെത്തുടർന്ന് റീ ടെൻഡർ നൽകിയാണ് കരാറുകാരനെ വീണ്ടും കണ്ടെത്തിയത്. ഇതിനെ തുടർന്നെല്ലാം കെട്ടിടനിർമാണം വൈകുകയായിരുന്നു.
ഏറ്റവും ഒടുവിൽ നിർമാണ സ്ഥലത്തു വൈദ്യുതി ലഭിക്കുന്നതിന്നുവേണ്ടി മൂന്നുമാസത്തോളം സമയം നഷ്ടമായിരുന്നു.

Post a Comment