കൊടുവള്ളി : കൊടുവള്ളിയിൽ ഒരു കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മാനിപുരം ഒതയോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് വൈത്തിരി അറമല ലക്ഷംവീട് കോളനിയിൽ മുരുകൻ (30) ആണ് പിടിയിലായത്. ഒരുകിലോ 125 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
മുരുകൻ ഭാര്യക്കൊപ്പമാണ് ക്വാർട്ടേഴ്സിൽ ഏറെ നാളായി താമസിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വിൽപനക്കു കൊണ്ടുവന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കിടപ്പുമുറിയിൽ കട്ടിലിന് അടിയിൽ തലയണകവറിൽ കെട്ടിസൂക്ഷിച്ച നിലയിലായിരുന്നു.
കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നയാളാണ് മുരുകൻ. സുൽത്താൻ ബത്തേരി, വൈത്തിരി, മഞ്ചേരി, ഫറൂഖ് ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുരുകനെന്ന് പൊലീസ് പറഞ്ഞു
കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർ പ്രകാശൻ, ജൂനിയർ സബ് ഇൻസ്പെക്ടർ രശ്മി, സബ് ഇൻസ്പെക്ടർ സതീഷ്, അസി.സബ് ഇൻസ്പെക്ടർ സജീവൻ, എസ്.സി.പി.ഒ മാരായ ലിനീഷ്, സുനിൽ കുമാർ, ബിനേഷ്, സജിഷ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment