കോഴിക്കോട്: ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി രാജ്യത്ത് ഒന്നാമത്.കാരുണ്യ ഉള്‍പ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ് കോഴിക്കോടിന് ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)യിലൂടെ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ നല്‍കിയതില്‍ ബഹുദൂരം മുന്നിലാണ് ഈ ആശുപത്രി. 2021 ഏപ്രില്‍മുതല്‍ 2022 മാര്‍ച്ച്‌വരെ കാസ്‌പിലൂടെ 60,652 പേരാണ് കിടത്തിച്ചികിത്സ നേടിയത്.
ഒപിയില്‍ എത്തുന്നവര്‍ ഉള്‍പ്പെടെ ശരാശരി 5000 രോഗികള്‍ക്ക് മലബാറിന്റെ ഈ ആതുരാലയം ദിവസവും ചികിത്സ നല്‍കുന്നു. ഒരു വര്‍ഷം കുറഞ്ഞത് 18 ലക്ഷം രോഗികള്‍ക്ക് ആതുരസേവനം നല്‍കുന്നു. മൂന്നരലക്ഷം പേര്‍ക്കാണ് എന്‍എംസിഎച്ച്, മാതൃശിശുസംരക്ഷണ കേന്ദ്രം(ഐഎംസിഎച്ച്), ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചെസ്‌റ്റ് ഡിസീസസ് എന്നിവയിലൂടെ കഴിഞ്ഞവര്‍ഷം ചികിത്സ നല്‍കിയത്. 97.78 കോടി രൂപയുടെ കിടത്തിച്ചികിത്സ നല്‍കി. കാരുണ്യ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് പുറമേയാണിത്. സംസ്ഥാന സര്‍ക്കാരാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ ചികിത്സ ഉറപ്പാക്കുന്നത്.സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന എന്‍എംസിഎച്ചില്‍ 2021--2022ല്‍ 49,406 പേര്‍ക്ക് 83.12 കോടി രൂപയുടെ സൗജന്യചികിത്സ കാസ്‌പിലൂടെ നല്‍കി. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ 10,062 രോഗികള്‍ക്ക് 13.79 കോടിയുടെ ചികിത്സയും ചെസ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ 1,184 പേര്‍ക്ക് 87.03 ലക്ഷം രൂപയുടെ സൗജന്യസേവനവും ലഭ്യമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമന്ഥന്‍ പദ്ധതിയില്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയതും കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. മലബാറിലുള്ളവര്‍ വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണിത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ എത്തുന്നു.

Post a Comment