തോട്ടുമുക്കത്ത് പുതിയ മദ്യശാല: നാടിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി


മദ്യമാഫിയാ സംഘങ്ങളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം

കൊടിയത്തൂര്‍:
ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും വകവെക്കാതെ തോട്ടുമുക്കത്ത് പുതിയ മദ്യശാല ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അരാജകത്വത്തിലേക്ക് തള്ളിവിട്ട് സമൂഹത്തെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.




വിദ്യാര്‍ഥികളെയും യുവാക്കളെയും വലയിലാക്കുന്ന മദ്യ മാഫിയാ സംഘങ്ങള്‍ കൊടിയത്തൂരും പരിസരങ്ങളിലും സജീവമാണെന്ന വാര്‍ത്തക്കൊപ്പം പുതിയ മദ്യശാല ആരംഭിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം ഭയപ്പെടുത്തുന്നതാണ്. ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. മദ്യശാലക്കെതിരെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത സി.പി.എം സമൂഹത്തില്‍ അരാജകത്വം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കൊപ്പമാണെന്നാണ് തെളിയിക്കുന്നത്. വന്യമൃഗ ശല്യവും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളനാശവും വിലത്തകര്‍ച്ചയും മൂലം ദുരിതത്തിലായ കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് മദ്യമാഫിയാ സംഘങ്ങള്‍ക്ക് തഴച്ചു വളരാനുള്ള മണ്ണൊരുക്കിക്കൊടുക്കുകയും, മറുവശത്ത് ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള സാമൂഹ്യവിരുദ്ധ അരാജകവാദ നിലപാടുകള്‍ പൊതുജനങ്ങളിലടിച്ചേല്‍പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ പ്രകൃതി വിരുദ്ധ ജല്‍പനങ്ങളെ ജനം ചെറുത്തുതോല്‍പിക്കുമെന്നതിന് വര്‍ത്തമാനകാലം സാക്ഷിയാണ്. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി ഹമീദ്, ഇ.എന്‍ നദീറ, ബാവ പവര്‍വേള്‍ഡ്, കെ.കെ കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris