ബെയ്ജിങ്: ചൈനയുടെ കടുത്ത കോവിഡ് നിയന്ത്രണങ്ങളാൽ പഠനം മുടങ്ങി രണ്ടുവർഷമായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് തിരിച്ചുപോക്കിന് വഴിതെളിഞ്ഞു. മടങ്ങിച്ചെന്ന് പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിസ അനുവദിക്കുമെന്ന് ചൈന തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതുകൂടാതെ ബിസിനസ് വിസയുൾപ്പെടെ വിവിധ യാത്രാ പെർമിറ്റുകൾ അനുവദിക്കുമെന്നും അറിയിച്ചു.
ചൈനീസ് സർവകലാശാലകളിൽ പുതുതായി ചേരുന്നവർക്കും രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന പഠനം തുടരാൻ തിരിച്ചുചെല്ലുന്നവർക്കും എക്സ്-1 വിസ അനുവദിക്കും. 23,000-ലേറെ ഇന്ത്യൻ വിദ്യാർഥികളാണ് കോവിഡിനുമുമ്പ് ചൈനയിൽ പഠിച്ചിരുന്നത്. അവരിൽ ചൈനയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ പേരുവിവരം ഇന്ത്യ കൈമാറിയിരുന്നു.
ചൈനീസ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പുതുതായിച്ചേർന്ന വിദ്യാർഥികൾ പ്രവേശനം സ്ഥിരീകരിച്ച് അവ നൽകിയ കത്തിന്റെ അസൽ വിസയ്ക്കായി ഹാജരാക്കണം. മുടങ്ങിയ പഠനം തുടരാനായി പോകുന്നവർ, അതതു സർവകലാശാലകൾ നൽകിയ 'സർട്ടിഫിക്കറ്റ് ഓഫ് റിട്ടേണിങ് ടു കാംപസ്' ഹാജരാക്കണം.
വിസ അനുവദിച്ചാലും ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ഇനിയുമായിട്ടില്ല എന്നത് യാത്രയ്ക്ക് തടസ്സമാകും. മൂന്നാമതൊരു രാജ്യം വഴി ചൈനയിലെത്താൻ ചെലവ് കൂടുതലാണ്

Post a Comment