സി.എച്ചിന്റെ മുദ്രാവാക്യങ്ങൾ സമൂഹം ഏറ്റെടുക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി


കോഴിക്കോട്: വിദ്യാഭ്യാസമുന്നേറ്റങ്ങൾക്കും സ്ത്രീനവോത്ഥാനത്തിനുംവേണ്ടി സി.എച്ച്. മുഹമ്മദ്‌കോയ ഉയർത്തിയ മുദ്രാവാക്യങ്ങൾ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. അഭിപ്രായപ്പെട്ടു. എം.എസ്.എഫ്. സംഘടനാ കാമ്പയിനായ ‘വേര്’ സമാപനസമ്മേളനം സ്വപ്നനഗരിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.




സി.എച്ചിന്റെ നേതൃത്വത്തിൽനടന്ന വിദ്യാഭ്യാസവത്കരണശ്രമങ്ങളുടെ തുടർച്ചയായി കേരളത്തിൽ വലിയ മാറ്റംവരുത്താൻ മുസ്‌ലിംലീഗിന് സാധിച്ചെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാർമേഖലയിൽമാത്രം രണ്ടോമൂന്നോ മെഡിക്കൽ, എൻജിനിയറിങ് കോളേജുകളുണ്ടായിരുന്ന കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ ജനകീയമാക്കിയത് മുസ്‌ലിംലീഗ് വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്ത കാലത്താണ്. അതിന്റെ ഫലമായി എല്ലാവിഭാഗം വിദ്യാർഥികൾക്കും കേരളത്തിനുള്ളിൽ മെഡിക്കൽ, എൻജിനിയറിങ് പഠനം സാധ്യമായി. അതിനെ വിമർശിച്ച ഇടതുചിന്തകർ പറഞ്ഞതുപോലെയല്ല, മുസ്‌ലിംലീഗ് തീരുമാനിച്ചതുപോലെയാണ് കേരളം മുന്നോട്ടുപോയത്. ഐ.ടി. വിപ്ലവത്തിന് ചുക്കാൻപിടിച്ചതും മുസ്‌ലിംലീഗാണ്. മലയാളത്തിനും സംസ്കൃതത്തിനുമുൾപ്പെടെ സർവകലാശാലകൾ സ്ഥാപിച്ചതും ലീഗ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്.




മലബാർ ജില്ലകളിൽ പ്ലസ്ടു കോഴ്‌സ് അനുവദിക്കാത്ത ഇടതുസർക്കാർ നടപടി ക്രൂരതയാണ്. പ്ലസ്ടു കോഴ്‌സ് അനുവദിക്കാതെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചോളാനാണ് പറയുന്നത്. പ്ലസ്ടു തുടങ്ങാൻ പണമില്ലെന്ന് പറയുന്നവരാണ് സിൽവർലൈൻ കൊണ്ടുവരാൻ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

എം.എസ്.എഫ്. സംസ്ഥാനപ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷനായി. ആദിത്യ മേനോൻ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, അബ്ദുറഹിമാൻ കല്ലായി, ഉമ്മർ പാണ്ടികശാല, എൻ.സി. അബൂബക്കർ, സുഹ്‌റ മമ്പാട്, ഹനീഫ മൂന്നിയൂർ, മുഹമ്മദ് ഷാ, സമദ് പൂക്കാട്, സി.പി.എ. അസീസ്, കമാൽ വരദൂർ, സി.കെ. നജാഫ്, അഷ്ഹർ പെരുമുക്ക്, മിസ്ഹബ് കീഴരിയൂർ, എം.പി. നവാസ്, ഷറഫുദ്ദീൻ പിലാക്കൽ, സജീർ ഇഖ്ബാൽ, ഫാരിസ് പൂക്കോട്ടൂർ, റംഷാദ് പള്ളം, കെ.ടി. റഊഫ്, കെ.എം. ഷിബു, ഫിറോസ് പള്ളത്ത്, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ, അഫ്‌നാസ് ചാറോട്, സ്വാഹിബ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris