മുഖ്യമന്ത്രിയുടെ ഡെവലപ്മെന്റൽ ഇന്റർവെൻഷനുള്ള ഇന്നൊവേഷൻ പുരസ്കാരം ‘നമ്മുടെ കോഴിക്കോട്’ ന്‌


പൊതുനയത്തിലെ ആശയങ്ങൾക്ക് വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചീഫ് മിനിസ്റ്റേഴ്സ് ഇന്നോവേഷൻ അവാർഡ് കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള  ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകൾ (developmental intervention) എന്ന വിഭാഗത്തിലാണ്‌ അവാർഡിന്‌ അർഹമായത്.




 2018, 2019, 2020 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങളും പുതുമയാർന്ന പദ്ധതികളും പരിഗണിച്ചാണ്‌ ഈ അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. 2018 ജനുവരിയിലാണ്‌ മാനാഞ്ചിറ മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളുടെയും ജില്ലയിലെ മുഴുവൻ വകുപ്പുകളുടെയും ഏകോപനത്തിൽ ജനകീയ പങ്കാളിത്തത്തോടെ എല്ലാ മേഖലകൾക്കും  പ്രാധാന്യം നൽകി നിരവധി നൂതന വികസന പദ്ധതി പരിപാടികളും ക്ഷേമ നടപടികളും 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുകയാണ്‌ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നമ്മൾ ചെയ്തു കൊണ്ടിരുന്നത്. മികച്ച ജനപിന്തുണയോടെ മാതൃകപരമായ നിലയിൽ മിഷൻ കോഴിക്കോട് എന്ന പേരിൽ തയ്യാറാക്കിയ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നമുക്ക് നടപ്പിൽ വരുത്താനായി. കൃത്യമായ ഇടവേളകളിൽ സംയുക്ത തല യോഗങ്ങൾ വിളിച്ചു പദ്ധതിയുടെ പുരോഗതി വിലയിരുത്തി മുന്നോട്ട് പോയി.

വികസനം ഒരു ജനകീയ അനുഭവമാക്കുക എന്ന നിലയിൽ സർക്കാർ പദ്ധതികളിലും പരിപാടികളിലും സമ്പൂർണ്ണ പൊതുജന പങ്കാളിത്തം ലക്ഷ്യമാക്കിയാണ്‌ പദ്ധതി ആവിഷ്കരിക്കുന്നത്.
നാടിന്റെ വികസനം എന്നത് നമുക്ക് വേണ്ടി മറ്റാരെങ്കിലും നടപ്പിൽ വരുത്തേണ്ടതല്ലെന്നും പൊതുജനങ്ങളും സർക്കാറും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി സാധ്യമാക്കേണ്ട ഒന്നാണെന്നുമുള്ള ആശയമാണ്‌ പദ്ധതി  പ്രഥമമായി മുന്നോട്ട് വെച്ചത്.

ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ നമുക്ക് നടപ്പിൽ വരുത്താനായിട്ടുണ്ട്. അംഗൻവാടികളുടെ നവീകരണവും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ 'ക്രാഡിൽ' പദ്ധതി, കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതും അവരുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി ആരംഭിച്ച 'എനേബിളിങ്ങ് കോഴിക്കോട്' പദ്ധതി, തെരുവിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തിയ 'ഉദയം' പദ്ധതി, ക്ഷേമഭവനങ്ങളിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 'ഹാപ്പി ഹിൽ' പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്നങ്ങൾക്ക് ഏകോപനം സാധ്യമാക്കിയ 'കാർബൺ ന്യൂട്രൽ' ഉൾപ്പെടെയുള്ള പരിപാടികൾ, ജില്ലയിലെ വിദ്യാർത്ഥികളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകുകയും ഊർജിതപ്പെടുത്തുകയും ചെയ്ത 'എഡ്യുമിഷൻ' പദ്ധതി, ഒപ്പം മേഗാ പരാതി പരിഹാര അദാലത്ത്, പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി തുടക്കമിട്ട 'ഉയരാം ഒന്നിച്ച്' പദ്ധതി, വ്യവസായ മേഖലയിലെ ജനകീയ മുന്നേറ്റങ്ങൾക്കായി രൂപം നൽകിയ 'എന്റർപ്രൈസിങ്ങ് കോഴിക്കോട്' തുടങ്ങിയവ ‘നമ്മുടെ കോഴിക്കോട്’ എന്ന ബൃഹദ് പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങിയ പദ്ധതികളാണ്‌. ഇവ കൂടാതെ, വ്യക്തി ശുചിത്വം, മാലിന്യ പരിപാലനം, ആരോഗ്യകരമായ ജീവിത ശൈലി, മാനസികാരോഗ്യം, കാൻസർ - ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചുള്ള നിരവധി ബോധവത്കരണ ക്യാമ്പയിൻ പരിപാടികൾക്കും ഇക്കാലയളവിൽ ഊന്നൽ നൽകി.

ഭരണകൂടവും പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമവും ഫലപ്രദമാക്കുന്നതിനുമാണ്‌ പൗരരെയും ഉദ്യോഗസ്ഥരെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിലൂടെ 'നമ്മുടെ കോഴിക്കോട്' വഴിയിരുക്കിയത്. അപ്രകാരം വികസന പദ്ധതിയുടെ നിർവഹണത്തിലെ വിവിധ ശ്രേണിയിലുള്ളവരെ ഒരിടത്ത് കൊണ്ട് വന്ന് പദ്ധതിയുടെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്താനാകും വിധമാണ്‌ പദ്ധതി ഒരുക്കിയത്.

പദ്ധതികളുടെയും സേവനങ്ങളുടെയും രൂപകൽപനയിലും ആസൂത്രണത്തിലും ജനങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുകയും വികസന നിർവഹണത്തിൽ സമ്പൂർണ്ണ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തിയും നവ കോഴിക്കോടിനായുള്ള കൂട്ടായ പ്രയത്നത്തിന്‌ ഈ പദ്ധതി മുതൽകൂട്ടാകും. ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസന മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്ന് പൊതുജന പങ്കാളിത്തത്തിന്റെയും പൗര കേന്ദ്രീകൃത ഭരണ പ്രക്രിയയുടെയും മികച്ച മാതൃക തീർക്കാൻ നമ്മുടെ കോഴിക്കോട് പദ്ധതിയിലൂടെ സാധിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്. ഈ പുരസ്കാര നേട്ടം അത്തരത്തിൽ ജില്ലയുടെ തുടർന്നുള്ള ഇത്തരം ജനകീയ മുന്നേറ്റങ്ങൾക്ക് കൂടതൽ ഗുണപരമായ പ്രേരണ നൽകുന്നതാവട്ടെ എന്ന്‌ പ്രത്യാശിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris