തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശം പിൻവലിച്ച് കെ.ടി.ജലീൽ എംഎൽഎ. തന്റെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപെട്ടു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായാണ് പരാമർശം ദുർവ്യാഖ്യാനം ചെയ്തത്. നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പ്രസ്തുത കുറിപ്പിലെ വരികൾ പിൻവലിച്ചതായി അറിയിക്കുന്നുവെന്ന് കെ.ടി. ജലീൽ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
'നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം (ആസാദി കാ അമൃത് മഹോത്സവ്) നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു', ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീരെ'ന്ന് വിശേഷിപ്പിച്ച ഫെയ്സ്ബുക്ക് കുറിപ്പായിരുന്നു വിവാദത്തിനാധാരം. ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി. അടക്കമുള്ളവർ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ജലീലിന്റെ മുൻ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു. വിവാദത്തിന് പിന്നാലെ വിശദീകരണവുമായും കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു.

Post a Comment