അഗ്നിരക്ഷാ സേനയ്ക്ക് 'സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്


തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള അടിയന്തരസാഹചര്യങ്ങൾ നേരിടാൻ അഗ്നിരക്ഷാസേനയുടെ പ്രത്യേക സേന (സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്) സ്വാതന്ത്ര്യ ദിനത്തിൽ ചുമതലയേൽക്കും. പരിശീലനം പൂർത്തിയാക്കിയ 31 അഗ്നിസുരക്ഷാ അംഗങ്ങളാണ് സേനയുടെ ഭാഗമാകുന്നത്.ഉരുൾപൊട്ടൽ, ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രളയം, കെട്ടിടം തകർന്നു വീഴൽ, വാതകചോർച്ച, തുടങ്ങിയ സാഹചര്യങ്ങളെ നേരിടാനാണ് ഇവർക്ക് കമാൻഡോ ഓപ്പറേഷൻ പരിശീലനം നൽകിയത്. ഐ.ടി.പി.ബിയുടെ പരിശീലനം പൂർത്തിയാക്കി. എൻ.ഡി.ആർ.എഫ് നാഗ്പൂർ അക്കാഡമിയിലും പരിശീലനം ലഭ്യമാക്കും.




പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധ പരിശീലനം നൽകി പ്രത്യേക വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ 31പേർക്കാണ് പരിശീലനം. ക്രമേണ സേനാംഗങ്ങളുടെ എണ്ണം കൂട്ടും. ഫയർഫോഴ്സ് ടെക്‌നിക്കൽ ഡയറക്ടർ നൗഷാദിനാണ് ചുമതല. എല്ലാ ജില്ലകളിലും സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങൾ സഹിതം വിന്യസിക്കും. ഇവർക്ക് പ്രത്യേകം വാഹനങ്ങൾ ഏർപ്പെടുത്തും.

സ്വാതന്ത്ര്യ ദിന പരേഡിൽ അഗ്നിരക്ഷാ സേനയെ പ്രതിനിധീകരിക്കുന്നത് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിലെ 31അംഗ സംഘമായിരിക്കും. ഇവർക്ക് വർക്കിംഗ് യൂണിഫോമുണ്ടാകും. സ്വതന്ത്ര്യ ദിനത്തിന് ശേഷം അഞ്ചു പേരടങ്ങുന്ന സംഘത്തെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ‌ഡിവിഷനുകളിൽ വിന്യസിക്കും.

Post a Comment

Previous Post Next Post
Paris
Paris