മലപ്പുറം: പ്ലസ് വൺ ക്‌ളാസുകൾ ഇന്ന് ആരംഭിക്കുമ്പോൾ മലപ്പുറത്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ 30000 വിദ്യാർഥികൾ. എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾ പുറത്ത് നിൽക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 34104 പേർക്കാണ് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത്.
ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി 80100 പേരാണ് മലപ്പുറം ജില്ലയിൽ അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്റുകളിലായി 45997 സീറ്റുകൾ മെറിറ്റ് സീറ്റിൽ അനുവദിച്ചു. ഇതിൽ 45994 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായി. ബാക്കി മൂന്ന് സീറ്റുകൾ സംവരണത്തിനായി നീക്കിവെച്ചിരിക്കുകയാണ്.
മാനേജ്മെന്റ് ക്വാട്ടയും കമ്മ്യൂണിറ്റി ക്വാട്ടയും പരിഗണിച്ചാലും നിരവധി പേർക്ക് അവസരം നഷ്ടമാകും. ഇതിന് പുറമെ 69 അൺ എയ്‌ഡഡ് സ്‌കൂളുകളിലെ 11275 സീറ്റ് കൂടി പരിഗണിച്ചാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ജില്ലയിലെ മൊത്തം സീറ്റുകളുടെ എണ്ണം 65000ത്തിന് മേൽ വരും. നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാത്തിൽ 15000ത്തോളം പേർക്ക് അഡ്മിഷനായി ഓപ്പൺ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും.
വിഎച്ച്എസ്‌സിയിലെ 2790 ഐടിഐ, 1124 പോളിടെക്റ്റിക്ക് ഉൾപ്പടെയുള്ള സീറ്റുകൾ കൂടി പരിഗണിച്ചാലും നിരവധി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ലെന്നാണ് കണക്കുകൾ. മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് വൈകിട്ട് വരെ പ്രവേശനം നേടാൻ സമയമുണ്ട്

Post a Comment