മുക്കം: കാലവർഷം കനത്ത സാഹചര്യത്തിൽ ദുരന്ത സാധ്യത മുന്നിൽ കണ്ട് കൊടിയത്തൂരിൽ
"കരുതൽ കരങ്ങൾ എന്ന പേരിൽ
ദുരന്ത നിവാരണ സേനരൂപീകരിച്ചു. പഞ്ചായത്തിൻ്റെ ഏകദേശം മുഴുവൻ ഭാഗങ്ങളും പുഴകളാലും തോടുകളാലും മലകളാലും ചുറ്റപ്പെട്ട സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയും കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളും മുന്നിൽ കണ്ടാണ് ഏറ്റവും നേരത്തെ രക്ഷാപ്രവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് ദുരന്ത കർമസേനക്ക് രൂപം നൽകിയത്.
2018ലെ വൻ പ്രളയവും 2019ലെ തുടർ പ്രളയവും വലിയ നഷ്ടമാണ് പഞ്ചായത്തിൽവരുത്തി വെച്ചത്. ആയിരത്തിലധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നിരുന്നു.
ഏക്കർ കണക്കിന് കൃഷിഭൂമിയും നിരവധി കർഷകരുടെ കൃഷിയും നശിച്ചു.നൂറു കണക്കിന്
കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളും മലിനമാവുകയും
നിരവധി വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. ഒട്ടനവധിഗ്രാമീണ റോഡുകൾ തകർന്ന് പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്
ആരെയും കാത്തുനിൽക്കാതെ അത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി
വിവിധ പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സേനക്ക് രൂപം നൽകിയത്.*
ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ,
പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ മനോജ്, റവന്യു ഉദ്യോഗസ്ഥൻ ചന്ദ്രൻ,
തുടങ്ങിയവർ സംബന്ധിച്ചു .
സന്നദ്ധ സംഘടന പ്രതിനിധികൾ,യുവജന സംഘടന പ്രതിനിധികൾ,ക്ളബ് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത്തല കമ്മിറ്റി രൂപീകരിച്ചു
രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രാദേശിക കമ്മറ്റികൾ രൂപീകരിക്കും. പഞ്ചായത്തിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനും രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ നേരത്തെ തന്നെ ഉറപ്പ് വരുത്താനും യോഗത്തിൽ തീരുമാനമെടുത്തു. ഗ്രാമ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, ജീവനക്കാരനായ ബഷീർ നെച്ചിക്കാട്ട് എന്നിവർക്കാണ് പ്രവർത്തനങ്ങളുടെ ചുമതല.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ
കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, വില്ലേജ് ഓഫീസർ, പോലീസ് , മെഡിക്കൽ ഓഫീസർ, വിദ്യഭ്യാസ ഇബ്ളിമെന്റ് ഓഫീസർ,ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കും.

Post a Comment