കട്ടാങ്ങൽ : ഇത്തവണ ഈസ്റ്റ് മലയമ്മയിൽ പെരുന്നാൾ ആഘോഷമില്ലായിരുന്നു.സങ്കടത്തിന്റെ മൂകതയായിരുന്നുയെങ്ങും.പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ പൂലോട്ട് അഹമ്മദ് ഹുസ്നി മുബാറക്കിനായുള്ളപ്രാർഥനയിലായിരുന്നു നാട്. ഹുസ്നിയെ കാണാതായിട്ട് ഒരാഴ്ച പൂർത്തിയാവുന്ന ദിവസം കൂടിയായിരുന്നു കഴിഞ്ഞദിവസം.
വീടുകളിൽ പെരുന്നാൾ സന്തോഷം ഒന്നുമില്ലായിരുന്നു.രാവിലെ പള്ളികളിലെ ചടങ്ങുകൾക്കുശഷം വിശ്വാസികൾ വീടുകളിലേക്ക് മടങ്ങി. സൗഹൃദസന്ദർശനങ്ങളും എല്ലാവരും ഒഴിവാക്കി.ഹുസ്നിയുടെ സമപ്രായക്കാരായവരും പെരുന്നാൾ ദിനം വീടുകളിൽ ഒതുങ്ങി.
ഈസ്റ്റ് മലയമ്മ ജുമുഅത്ത് പള്ളിയിൽ പ്രത്യേക പ്രാർഥനയും നടന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ തിരച്ചിലിലും ഹുസ്നിയെ കണ്ടെത്താനായില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂട്ടുകാരനൊത്ത് പതങ്കയത്ത് എത്തിയ ഹുസ്നി പാറയിൽ നിന്ന് തെന്നി പുഴയിൽ വീണത്. അഗ്നിരക്ഷാസേനയും നേവിയും എൻ.ഡി.ആർ.എഫും സന്നദ്ധ സംഘടനകളും നാട്ടുകാരും ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും ഹുസ്നിയെ കണ്ടെത്താനായില്ല.

Post a Comment