സ്വർണക്കടത്ത് സംഘം തട്ടിക്കൊട്ടുപോയ യുവാവിനെ പൊലീസ് അന്വേഷിക്കുന്നതിനിടെ സിനിമ സ്റ്റൈൽ രംഗങ്ങൾ



പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ തെരഞ്ഞ് പൊലീസ് എത്തിയപ്പോൾ അരങ്ങേറിയത് സിനിമസ്​റ്റൈൽ രംഗങ്ങൾ. മൂന്നാഴ്ചയായി കാണാതായ പന്തിരിക്കര സ്വദേശി മുത്തു എന്ന ഇര്‍ഷാദിനെ (26) അന്വേഷിക്കുന്നതിനിടെയാണ് സംഭവം. മുത്തുവിന്റെ ശബ്ദസന്ദേശത്തില്‍ പരാമര്‍ശിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് പൊലീസിനെ കത്തിമുനയിൽ നിർത്തി രക്ഷപ്പെട്ടത്.




കേസിന്റെ അന്വേഷണാർഥം വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്. ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യ ഭീഷണിയും മുഴക്കി. ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് ഇവിടെ എത്തി. ഇതിനിടെ, ഷമീര്‍ വീടിന്റെ പിറകുവശത്തുകൂടി ഓടിരക്ഷപ്പെടുകയും ചെയ്തു. അഗ്നിരക്ഷാസേന എത്തി വീട്ടിനുള്ളിലെ സിലിണ്ടറുകള്‍ എടുത്ത് പുറത്തെത്തിച്ച് ചോർച്ച അടച്ചു. സിലിണ്ടറുകള്‍ രണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post
Paris
Paris