ബർമിങാം: 22ാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിങാമിൽ വർണാഭമായ തുടക്കം. ബർമിങാമിന്റെ ചരിത്രത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. 215 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാർച്ച് പാസ്റ്റിൽ നയിച്ചു. സംഗീതവും, കരിമരുന്ന് പ്രയോഗവും നൃത്തവുമായി ഉഗ്രൻ ചടങ്ങാണ് ബർമിങാമിലെ ഗെയിംസിന് തുടക്കമേകി സംഘടിപ്പിച്ചത്.
ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരഡ് ചോപ്രയാണ് ഇന്ത്യൻ പതാകയേന്തേണ്ടിയിരുന്നതെങ്കിലും പരിക്ക് കാരണം താരം ഗെയിംസിൽ നിന്ന് പിൻമാറിയിരുന്നു. ഇതോടെയാണ് പി.വി സിന്ധുവിനെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നതിനായി തിരഞ്ഞെടുത്തത്. ഗെയിംസിൽ നിന്നുള്ള നീരജിന്റെ പിൻമാറ്റം അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു ഉറച്ച മെഡൽ പ്രതീക്ഷകൂടിയാണ് നഷ്ടമാക്കിയത്.
കോമൺവെൽത്ത് ഗെയിംസിലെ മത്സരവേദി വെള്ളിയാഴ്ച ഉണരും. ഈ ഗെയിംസിൽ ക്രിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതകൾ എന്ന അപൂർവബഹുമതിയുമായി ഹർമൻപ്രീത് കൗറിന്റ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ആദ്യദിനം ഇറങ്ങും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ. മത്സരം വൈകീട്ട് 4.30 മുതൽ. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. പാകിസ്താൻ, ബാർബഡോസ് എന്നീ ടീമുകളും ഇതേ ഗ്രൂപ്പിലാണ്.
ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ മത്സരം ഞായറാഴ്ച. ഇന്ത്യയുടെ ചില താരങ്ങൾ കോവിഡിന്റെ പിടിയിലാണ്. 92 വർഷം നീണ്ട കോമൺവെൽത്ത് ഗെയിംസിൽ ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഗെയിംസ് വില്ലേജിൽ വ്യാഴാഴ്ച ഇന്ത്യൻ പതാക ഉയർന്നു.

Post a Comment