കോഴിക്കോട് :റവന്യൂ വകുപ്പിന്റെ ഇ-സർവീസ് വെബ്സൈറ്റായ റെലീസ് നിശ്ചലം. നികുതിയടയ്ക്കുന്നതിന് ഉൾപ്പെടെ പൊതുജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന സൈറ്റാണ് രണ്ടാഴ്ചയായി നിശ്ചലമായത്. വർക്‌ലോഡ് ഒഴിവാക്കാനായി പുതിയ സെർവറിലേക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാറ്റാൻ നടത്തിയ ശ്രമമാണ് വെബ്സൈറ്റിനെ നിശ്ചലമാക്കിയത്.
ഭൂമിയുടെ പോക്കുവരവ്, തണ്ടപ്പേർ പുതുക്കൽ, റവന്യൂ റിക്കവറി, ഭൂമി ഡിജിറ്റൈസേഷന്റെ ഭാഗമായുള്ള ഡിജിറ്റൽ സർവേ തുടങ്ങിയവയെല്ലാം സർവർ തകരാറിലായതാടെ നിശ്ചലമായി. കർഷകർക്കുള്ള പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിപ്രകാരമുള്ള സഹായധന അപേക്ഷകളിലെ രജിസ്ട്രേഷന് കൃഷിവകുപ്പ് പ്രധാനമായും ആശ്രയിക്കുന്നത് റെലീസ് വെബ്സൈറ്റിനെയാണ്.
വെബ്സൈറ്റ് തകരാറായതോടെ സംസ്ഥാനത്തെ പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയുടെ തുടർനടപടികളും മുടങ്ങി.
കാർഷിക സ്വർണപ്പണയ വായ്പയെടുത്തവർ കൃത്യസമയത്ത് പുതിയ നികുതിരശീതുകൾ സമർപ്പിച്ച് വായ്പ പുതുക്കിയില്ലെങ്കിൽ പലിശനിരക്കിൽ വലിയ മാറ്റമാണ് ഉണ്ടാവുക. സെർവർ തകരാറ്ുമൂലം ഇത്തരം വായ്പയെടുത്തവർക്ക് പലിശയിനത്തിൽ മൂന്നിരട്ടിയോളം പണം അധികമായി നൽകേണ്ടിവരും. നികുതിരശീതുകൾ ഉപയോഗിച്ചുള്ള മറ്റു വായ്പകളെയും സർക്കാർസേവനങ്ങളെയും വെബ്സൈറ്റ് തകരാർ ബാധിക്കുന്നുണ്ട്
വേണ്ടത്ര മുന്നൊരുക്കമില്ലാതെ വെബ്സൈറ്റ് നവീകരിക്കാൻ നടത്തിയ ശ്രമമാണ് പ്രതിസന്ധിക്ക് കാരണം. നാഷണൽ ഇൻഫർമാറ്റിക്സ് സെൻററാണ് റവന്യൂവകുപ്പിനുവേണ്ടി റെലീസ് സോഫ്റ്റ്‌വേർ രൂപകല്പന ചെയ്തത്. രണ്ടുദിവസംകൊണ്ട് പുതിയ സെർവറിലേക്ക് വിവരങ്ങൾ മാറ്റാനാകും എന്നാണ് റെലീസ് വെബ്സൈറ്റ് കൈകാര്യംചെയ്യുന്ന സംസ്ഥാന ഐ.ടി. മിഷൻ റവന്യൂ വകുപ്പിനെ നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയോടെ വെബ്സൈറ്റ് പൂർണ പ്രവർത്തനക്ഷമമാകുമെന്ന ഐ.ടി. മിഷന്റെ ഉറപ്പും പാഴായി.
വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങളിലും മറ്റ് ഇ-സർവീസ് കേന്ദ്രങ്ങളിലും എത്തുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ചില ദിവസങ്ങളിൽ രാവിലെ പത്തിന് മുൻപായും വൈകീട്ട് നാലിനുശേഷവും അല്പസമയം വെബ്സൈറ്റ് പ്രവർത്തനക്ഷമമാകുന്നുണ്ട്.
ജീവനക്കാരിൽനിന്ന് കൃത്യമായ മറുപടി കിട്ടാത്തതുമൂലം രാവിലെ ഓഫീസുകളിൽ എത്തുന്ന ആളുകൾ വൈകീട്ടുവരെ വില്ലേജ് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങളിലും മറ്റു ഇ-സർവീസ്‌കേന്ദ്രങ്ങളിലും മണിക്കൂറുകളോളം കാത്തുനിൽക്കുന്നതും പതിവുകാഴ്ചയാണ്. വില്ലേജ് ഉദ്യോഗസ്ഥരും അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാരുമാണ് പൊതുജനത്തിന്റെ പ്രതിഷേധച്ചൂടിന് ഇരയാകുന്നത്.

Post a Comment