കോഴിക്കോട് :ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രൊജക്റ്റ് ആശയങ്ങൾ സമാഹരിക്കുന്നതിനും ജില്ലയിലെ സംരംഭക സാധ്യതകൾ വിശകലനം ചെയ്യുന്നതിനും വേണ്ടി ജില്ലയിലെ പ്രധാന പ്രവാസി സംഘടനകളുടെ ഒരു യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു .
സർക്കാർ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി തുടങ്ങിയ "നോർക്ക" അനുദിനം മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുന്നു എങ്കിലും പുനരധിവാസം ഒരു മരീചികയായി ഇന്നും നിൽക്കുന്നു എന്ന സത്യം പറയാതെ വയ്യ.
തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിന് സർക്കാർ പുതിയ നിർദ്ദേശങ്ങൾ ജില്ലാ പഞ്ചായത്തുകൾക്കും നൽകിയെന്ന കാര്യം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ ശശിയുടെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ടി. അഹമ്മദ് കബീർ പ്രൊജക്റ്റ് സമർപ്പിക്കേണ്ട രീതിയും കഴിയുന്ന ഉടനെ സമർപ്പിച്ചാൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് ശ്രമിക്കാമെന്നും സ്വാഗതം പറഞ്ഞുകൊണ്ട് വിശദീകരിച്ചു. തുടർന്ന് വൈസ് പ്രസിഡണ്ട് ശ്രീ. എം. വി. ശിവാനന്ദൻ ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രൊജെക്ടുകൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും ശ്രമിക്കാമെന്നും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ശ്രീമതി എൻ. എം വിമല, പൊതുമരാമത്ത് ചെയർ പേഴ്സൺ ശ്രീമതി. റീന കെ. വി, വികസനകാര്യ ചെയർ പേഴ്സൺ ശ്രീമതി വി.പി. ജമീല എന്നിവർ യോഗത്തിൽ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തു.
പുതിയ പ്രൊജെക്ടുകളിൽ പ്രവാസികളെ ഒപ്പം ചേർക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഏറെ സന്തോഷകരം തന്നെ. പൂർണ്ണ രൂപത്തിൽ അതിന്നു വേണ്ട തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും ഇന്നത്തെ തുടക്കം എല്ലാ പ്രവാസി സംഘടനകളും സ്വാഗതം ചെയ്തു. ഓരോ സംഘടനയും പ്രൊജെക്ടുകളും നടത്തുന്നതിനുള്ള അഭിപ്രായങ്ങളും യോഗത്തിൽ വിശദീകരിച്ചു. പ്രവാസി ഫെഡറേഷനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി ടി. പി. റഷീദ്, പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇക്ബാൽ, ലോകകേരള സഭ അംഗം സജീവൻ,എൻ സി പി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് ഗുലാം ഹുസൈൻ കൊളക്കാടൻ തുടങ്ങി വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് സംസാരിച്ചു.
പ്രവാസികൾക്ക് പുനരധിവാസ പ്രക്രിയയിൽ ഒരു വലിയ പ്രതീക്ഷ നൽകിയാണ് യോഗം അവസാനിച്ചത്.

Post a Comment