സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംക്ലാസിൽ 45,573 കുട്ടികളുടെ കുറവ്


തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസിൽ 45,573 കുട്ടികളുടെ കുറവ്. സർക്കാർ സ്കൂളുകളിൽ 15,380, എയ്ഡഡ് സ്കൂളുകളിൽ 22,142 കുട്ടികളുടെ കുറവാണുള്ളത്. അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ 8051 കുട്ടികൾ കുറഞ്ഞതായും മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ മുൻവർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത് 3,48,741 കുട്ടികളായിരുന്നു. ഇത്തവണ 3,03,168. ജനസംഖ്യാനുപാതികമായ കുറവുകൂടാതെ കോവിഡിനുശേഷം കുട്ടികൾ ഇതര സിലബസുകളിലേക്കു ചേക്കേറിയതും എണ്ണം കുറയാൻ കാരണമായതായി കരുതുന്നു.




ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയതാണ് കണക്കുകൾ. ഇത്തവണ ആറാം പ്രവൃത്തിദിനം കണക്കുകൾ ശേഖരിച്ചിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല.

ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 45,519 പേരുടെ കുറവുണ്ട്. എന്നാൽ, രണ്ടുമുതൽ 10 വരെ ക്ലാസുകളിൽ കുട്ടികൾ വർധിച്ചു. പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്കൂളുകളും 109 എയ്ഡഡ് സ്കൂളുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു.

അഞ്ചും എട്ടും ക്ലാസുകളിലാണ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് കൂടുതൽ കുട്ടികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് എത്താറുള്ളത്. എന്നാൽ, ഇത്തവണ സർക്കാർ സ്കൂളുകളിൽ അഞ്ചാംക്ലാസിൽ 7134 കുട്ടികളുടെ കുറവ് വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസിൽ 669 കുട്ടികൾ കുറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris