കോഴിക്കോട് : കനത്ത മഴയ്ക്കൊപ്പം ജില്ലയിൽ പനിയും പടരുന്നു. ഈ മാസം ഇതുവരെ 21893 പേരാണ് വിവിധ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിയ്‌ക്കൊപ്പം വയറിളക്കവും വ്യാപകമാവുകയാണ്. മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്.വൺ.എൻ.വൺ, ഡെങ്കി എന്നിവയും ചിലയിടങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനും ശമനമുണ്ടായിട്ടില്ല. മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. മാവൂർ, കൊടിയത്തൂർ, കുന്ദമംഗലം, താമരശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, വടകര, കോഴിക്കോട് നഗരം, ഫറോക്ക്, തീരദേശങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ദിവസവും നിരവധി പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഇന്നലെ 2400 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
11ന് 1825 പേരും 10ന് 624 പേരും ഒമ്പതിന് 1618 പേരും പനി ബാധിച്ച് ചികിത്സ തേടി. എട്ടിന് 2188, ഏഴിന് 2138, ആറിന് 2049, അഞ്ചിന് 1909, നാലിന് 1911 പേരുമാണ് ചികിത്സ തേടിയത്.പകർച്ചപ്പനി വ്യാപനത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.ബീച്ച് ആശുപത്രി, താലൂക്ക് ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു

Post a Comment