കട്ടാങ്ങൽ : കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിൽ അധ്യാപകസമരത്തെ തുടർന്ന് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന അഞ്ഞൂറോളം വിദ്യാർഥികൾ പരാജയപ്പെട്ടു. രണ്ടാം സെമസ്റ്റർ വിദ്യാർഥികളാണ് പരാജയപ്പെട്ടത്.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകർ പരീക്ഷയുൾപ്പെടെ ബഹിഷ്കരിച്ച് സമരം നടത്തിയത്. തുടർന്ന് ഒന്നാംവർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതോടെ കോളേജിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരമാരംഭിച്ചു.
സംഭവം വിവാദമായതോടെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ചനടത്തുകയും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന ഉറപ്പിന്മേൽ സമരം പിൻവലിക്കുകയുമായിരുന്നു
എന്നാൽ, കഴിഞ്ഞദിവസം പരീക്ഷാഫലം വന്നപ്പോഴാണ് പരാജയപ്പെട്ടതായി വിദ്യാർഥികൾ അറിയുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരമുണ്ടാവുന്നതുവരെ വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്. ആറുമാസത്തിലധികമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് അധ്യാപകർ പറഞ്ഞത്. ഇത് സംബന്ധിച്ച് അധ്യാപകർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് മുക്കം പോലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അധ്യാപകർക്ക് ശമ്പളം നൽകാൻ തീരുമാനമായതോടെ പരീക്ഷനടത്താൻ അധ്യാപകരും തയ്യാറാവുകയായിരുന്നു


Post a Comment