സുബൈർ വധം: കൊലയാളി സംഘം സഞ്ചരിച്ച രണ്ടാമത്തെ കാറും കഞ്ചിക്കോട് നിന്നും കണ്ടെത്തി.. കണ്ടെത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കെ.കൃപേഷ് എന്നയാളിൻ്റെ പേരിലുള്ളതാണ് ഓൾട്ടോ കാർ.
ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്.




കൊലയാളിസംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെ എന്ന് സ്ഥിരീകരിച്ചു. സഞ്ജിത്തിൻ്റെ പിതാവ് അറുമുഖൻ ഇക്കാര്യം വെളിപ്പെടുത്തി . സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്നും ആറുമുഖൻ പറഞ്ഞു.
സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക് ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വർക്ക്ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് തങ്ങൾ. സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാർ സംബന്ധിച്ച് കൂടുതൽ അറിയില്ലായിരുന്നു, ഏത് വർക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാർ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.

ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വർക്ക്ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തൻ്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിൻ്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അർഷിക പറഞ്ഞു. സഞ്ജിത്തിൻ്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്

Post a Comment

Previous Post Next Post
Paris
Paris