ശബരിമല : വിഷു പുലരിയെ വരവേല്‍ക്കാന്‍ ശബരിമലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
ശ്രീകോവിലിനുള്ളില്‍ അയ്യപ്പവിഗ്രഹത്തിന് മുന്നിലായി ഓട്ടുരുളിയില്‍ കണി ദ്രവ്യങ്ങള്‍ തയ്യാറാക്കും. നാളെ പുലര്‍ച്ചെ നടതുറന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് വിഷുക്കണി ദര്‍ശിക്കാം. പുലര്‍ച്ചെ 4 മുതല്‍ 7 വരെ തീര്‍ത്ഥാടകര്‍ക്ക് കണി ദര്‍ശനം ഉണ്ടാവും.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. ഇന്നലെ പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാര്‍മികത്വം വഹിച്ചു. മേട വിഷു പൂജയ്‌ക്കായി നട തുറന്ന ദിവസം മുതല്‍ വലിയ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനായി 26,800 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്. നാളെ വിഷുക്കണി ദര്‍ശനത്തിന് 32,684 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്.
ബുക്കിങ് ഇല്ലാതെ ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ പേരെയും സ്‌പോട് രജിസ്‌ട്രേഷന്‍ വഴി ദര്‍ശനത്തിന് കടത്തി വിടണമെന്ന് നിര്‍ദ്ദേശമുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി 18 ന് രാത്രി ക്ഷേത്ര നട അടയ്‌ക്കും. തീര്‍ത്ഥാടക തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് വിശ്രമ കേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു

Post a Comment