കുട്ടിറൈഡര്‍മാരെ പൊക്കാന്‍ മിന്നല്‍ പരിശോധന; രണ്ട് മണിക്കൂറില്‍ കുടുങ്ങിയത് 203 വാഹനങ്ങൾ


5150 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 203 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ, കൊച്ചി സിറ്റിയിൽ റോഡുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആറു വരെയാണ് ഇരുചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 5150 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 203 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.




കലൂരിൽ അമിതവേഗത്തിൽ പാഞ്ഞ കാർ അപകടപരമ്പര സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വരാപ്പുഴയിൽ ശനിയാഴ്ച പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച ബൈക്ക് മരത്തിലിടിച്ച് 17 വയസ്സുള്ള രണ്ടു വിദ്യാർഥികൾ മരിച്ചിരുന്നു.

ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആലുവ മുട്ടത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിക്കുകകൂടി ചെയ്തതോടെയാണ് വൈകീട്ട് പരിശോധന നടത്താൻ സിറ്റി പോലീസ് തീരുമാനിച്ചത്.

കൊച്ചി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമുള്ള പോലീസുകാർ റെയ്ഡിൽ പങ്കെടുത്തു. നിരവധി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കുട്ടികൾ മയക്കുമരുന്നും മറ്റും ഉപയോഗിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്. മോഷണം നടത്തിയ വാഹനങ്ങളിൽ നമ്പർപ്ലേറ്റില്ലാതെയും രേഖകളില്ലാതെയും റോഡിൽ പായുന്നവരുമുണ്ട്.

ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയതെന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസ് പറഞ്ഞു. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Paris
Paris