മുക്കം : വാർഷിക പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ മുക്കം ഒന്നാമതെത്തി. പദ്ധതി ഫണ്ട് ജനറൽ, എസ്. സി. പി. പട്ടികവർഗ്ഗ പദ്ധതി എന്നിവയിലുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ് സ്ഥാനം നിർണയിക്കുന്നത് 49.54 ശതമാനം തുക ചെലവഴിച്ചാണ് മുക്കം നഗരസഭ ഒന്നാമതെത്തിയത്. 47.75 ശതമാനം പദ്ധതികൾ പൂർത്തീകരിച്ച കുന്ദംകുളം രണ്ടാംസ്ഥാനതെത്തി 46.83 ശതമാനത്തോടെ ചാവക്കാട് മൂന്നാം സ്ഥാനത്താണ്
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നഗരസഭ ആവിഷ്കരിച്ച തന്ത്രങ്ങളാണ് വിജയം കണ്ടത്. വാർഡ് സഭകളും യോഗങ്ങളും ചേരാൻ സാധ്യമല്ലാതിരുന്ന ഘട്ടങ്ങളിൽ വാട്സ്അപ്പും മറ്റു സോഷ്യൽ മീഡിയകളും ഉപയോഗിച്ചാണ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചത്.
വ്യക്തിഗത പദ്ധതികൾ ഗുണഭോക്താക്കളെ അറിയിക്കുന്നതിനായി വാർഡ് കൗൺസിലർമാർ അഡ്മിൻ മാരായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. സമയബന്ധിതമായി പദ്ധതികൾ നിർവഹണം നടത്തുന്നതിന് സ്റ്റാൻഡിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഉപസമിതികൾ രൂപീകരിച്ചിരുന്നു.
നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ
നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പദ്ധതികൾ അവലോകനം നടത്തുകയും, നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള പദ്ധതികളിൽ നഗരസഭ ടീമിന്റെ ഇടപെടൽ ഉറപ്പാക്കുകയും ചെയ്തിരുന്നു.
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന ആവിഷ്കൃത പദ്ധതികളും സംയോജിപ്പിച്ച് നടപ്പാക്കാനായതാണ് മറ്റൊരു നേട്ടമായത്. വരുന്ന മൂന്ന് മാസങ്ങൾക്കുള്ളിൽ 100% പദ്ധതി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് മുക്കം നഗരസഭ.2017-18 വർഷത്തിലും 2018-19 വർഷത്തിലും 100% പദ്ധതി നേട്ടവുമായി മുക്കം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
പദ്ധതിനിർവഹണത്തിൽ മികവുകാട്ടിയ നിർവഹണ ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥരെ നഗരസഭാ ചെയർമാൻ പി ടി ബാബു സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ അനുമോദിച്ചു.

Post a Comment