മാവൂർ: മാവൂർ പനങ്ങോട് കൃഷിയിടത്തിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് അനുമതിയുള്ള എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സി.എം ബാലനാണ് ഇന്നലെ രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ചത്. വെടികൊണ്ട പന്നി നേരെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറിൽ വീഴുകയായിരുന്നു.
നാല് വയസ്സോളം പ്രായമുള്ള കാട്ടുപന്നിക്ക് നൂറ്റിയിരുപത് കിലോയോളം തൂക്കമുണ്ട്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പന്നിയുടെ ജഡം നടപടികൾക്ക് ശേഷം പ്രദേശത്ത് തന്നെ അടക്കി. താമരശ്ശേരി ഫോറസ്റ്റ് ഡിവിഷൻ ആർ.ആർ.ടി ഡെപ്യുട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ ടി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ബാബു, ആർ.ആർ.ടി അംഗങ്ങളായ ഷബീർ സി.കെ, കരീം മുക്കം, ഹിജിത്ത് എം.എ എന്നിവരടങ്ങിയ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
കാട് കയറിക്കിടക്കുന്ന മാവൂർ ഗ്രാസിം ഭൂമി കാട്ടുപന്നികളുടെ താവളമാണ്. പ്രദേശത്തെ കർഷകർക്കും പൊതുജനങ്ങൾക്കും ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടുപന്നികൾ. ഗ്രാസിം ഭൂമിയിലെ കാടുകൾ വെട്ടിത്തെളിയിച്ചാൽ തന്നെ കാട്ടുപന്നികളുടെ ശല്യത്തിന് ഏറെ അറുതിവരുമെന്നും അതിനായി എത്രയും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment