കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ പ്രതി രേഷ്മയെ പൊലീസ് ജയിലില്‍ വെച്ച് ചോദ്യം ചെയ്തു. അനന്തു എന്ന കാമുകനെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയുമായിരുന്നെന്ന വിവരം പൊലീസ് രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞ രേഷ്മ ആദ്യമിക്കാര്യം വിശ്വസിച്ചില്ല. പൊലീസ് തെളിവുകള്‍ നിരത്തിയതോടെ രേഷ്മ ഞെട്ടിത്തരിച്ചു. ഗ്രീഷ്മയ്ക്ക് തന്നോടുള്ള പകയാണ് തന്നെ ഇങ്ങനെ ചതിച്ചതിന് കാരണമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. ഗ്രീഷ്മയുടെ ഒരു പ്രണയ വിവരം താന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് തന്നോട് ഗ്രീഷ്മയക്ക് പകയുണ്ട്. ഇതാവാം അനന്തു എന്ന പേരില്‍ തന്നെ കബളിപ്പിക്കാന്‍ കാരണമെന്നും രേഷ്മ പറഞ്ഞു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കൊവിഡ് കെയര്‍ സെന്റിലായിരുന്ന രേഷ്മ ഇതുവരെയും നടന്ന സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല.
താന്‍ ഗര്‍ഭിണിയാണെന്ന വിവരം ചാറ്റിംഗില്‍ പറഞ്ഞിരുന്നില്ലെന്നും രേഷ്മ പറഞ്ഞു. അതേസമയം അനന്തു എന്നൊരു കാമുകന്‍ തനിക്കുണ്ടായിരുന്നെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രേഷ്മ. ഇയാളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞ ശേഷമാവാം അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഗ്രീഷ്മയും ആര്യയും തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പറയുന്നു.
ഒന്നരവര്‍ഷമാണ് അന്നതു എന്ന അക്കൗണ്ടില്‍ നിന്നും രേഷ്മയോട് ആര്യയും ഗ്രീഷ്മയും ചാറ്റ് ചെയ്തത്. ഒരിക്കലും രേഷ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നില്ല. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യയാണ് 23 കാരിയായ ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകളാണ് 21 കാരി ഗ്രീഷ്മ.
അനന്തുവിനോടൊപ്പം ജീവിക്കാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു. ഇതിനാലാണ് രണ്ടാമതും ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവില്‍ നിന്നു വരെ മറച്ചു വെക്കുകയും കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചയുടന്‍ ഉപേക്ഷിക്കുകയും ചെയ്തത്. ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത ആര്യയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.

Post a Comment