പ്രതിപക്ഷ ഉപനേതൃപദവി; ‘പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണ്; ശ്രമങ്ങള്‍ തുടരുകയാണ്’; ടി.പി രാമകൃഷ്ണന്‍



തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില്‍ സിപിഐയുമായി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാട് തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തര്‍ക്കങ്ങള്‍ പരസ്പര കൂടിയാലോചനങ്ങളോടെ പരിഹരിക്കാമെന്നാണ് ടിപി രാമകൃഷ്ണന്റെ പ്രതികരണം. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സിപിഐ.





പ്രതിപക്ഷ ഉപനേതൃ പദവിയില്‍ സിപിഐയുമായി ഇനി ചര്‍ച്ച ഇല്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പരസ്യ നിലപാടെടുത്തതോടെയാണ് അതൃപ്ത്തി പരസ്യമാക്കി നേതാക്കള്‍ രംഗത്ത് വന്നത്. എന്നാല്‍ പിണറായി വിജയന്റെ പരസ്യം നിലപാടിന് ഘടകവിരുദ്ധമായാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ വാക്കുകള്‍.

സിപിഐ ഒരു പുതിയ ആവശ്യമുന്നയിച്ചു. അതാണല്ലോ തര്‍ക്ക വിഷയം. പരസ്പരം കൂടിയാലോചനയിലൂടെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. ആരെല്ലാം എന്ത് അഭിപ്രായങ്ങള്‍ പറഞ്ഞാലും ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ നിലപാട് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് കൂടിയാലോചനകളിലൂടെ പരിഹാരം കാണേണ്ടതാണ്. സിപിഐഎം മാത്രം എടുക്കേണ്ട സമീപനം അല്ല എന്ന നിലപാട് സിപിഐയില്‍ പെട്ട ചിലര്‍ പറഞ്ഞിട്ടുണ്ട്. അത് സിപിഐ നിലപാടാണോ എന്ന് എനിക്ക് അറിയില്ല. ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കെ തന്നെയാണ് മുന്നണി യോഗം ചേര്‍ന്നത്. മുന്നണിയോഗം ചേരുന്നത് സംബന്ധിച്ച് ഒരു ധാരണ ഞങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് ഉണ്ടാക്കിയിട്ടുണ്ട്. ആ ധാരണയ്ക്ക് അനുസരിച്ച് മുന്നണി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും – അദ്ദേഹം പറഞ്ഞു.

മുന്നണിക്കുള്ളിലെ വലിയ പ്രതിസന്ധിയില്‍ പിണറായി വിജയന്റെ പരസ്യ നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നുണ്ട്. അവസാനഘട്ടത്തില്‍ പ്രശ്‌നപരിഹാരത്തിനായി വീണ്ടും കേന്ദ്ര നേതാക്കളുടെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് സിപിഐ. ഡി രാജ വീണ്ടും എം എ ബേബിയെ കാണാന്‍ ഒരുങ്ങുന്നത്. അതേസമയം ആദ്യഘട്ടത്തില്‍ ഇരുവരും കണ്ടപ്പോള്‍ സംസ്ഥാന നേതാക്കള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഇരു നേതാക്കളും വ്യക്തമാക്കിയത്. വിട്ടുവീഴ്ചയ്ക്ക് സിപിഐഎം തയ്യാറായില്ല എങ്കില്‍ കടുത്ത നടപടികളിലേക്ക് സിപിഐ കടന്നേക്കും.

Post a Comment

Previous Post Next Post
Paris
Paris