ആലപ്പുഴ :നവകേരള സദസ്സിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മുൻസർക്കാരിന്റെ നവകേരളസദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ ആലപ്പുഴയിൽ വെച്ച് മർദിച്ച കേസിൽ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാരുൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി എസ്‌ഐടി കോടതിയിൽ റിപ്പോർട്ടു നൽകി. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ പ്രതികളാക്കിയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ടു നൽകിയത്. സുരക്ഷാജീവനക്കാരുടെ നടപടിയെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'രക്ഷാപ്രവർത്തനമെന്നാണ് അന്ന് വിശേഷിപ്പിച്ചത്.
പിണറായി വിജയന്റെ സുരക്ഷാസേനയിലെ കൂടുതൽ ആളുകളെ പ്രതിചേർക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു കഴിഞ്ഞു. നിലവിൽ അഞ്ച് പ്രതികളുള്ള കേസിൽ, മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അനുമതി തേടിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ഇതോടെ അറസ്റ്റ് മുന്നിൽ കണ്ട് പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 26-ന് ആലപ്പുഴ സെഷൻസ് കോടതി പരിഗണിക്കും. ആദ്യം സന്ദീപിനും അനിൽകുമാറിനും എതിരേയായിരുന്നു കേസ്. പുതുതായി മൂന്നുപേരെക്കൂടി പ്രതി ചേർത്തു. സന്ദീപും അനിൽകുമാറും ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനു മുൻപാകെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കുകയെന്ന ജോലിയാണു ചെയ്തതെന്നും അറസ്റ്റിലായി 48 മണിക്കൂർ റിമാൻഡിലായാൽ ജോലി നഷ്ടപ്പെടുമെന്നും ഹർജിയിലുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന വാഹനത്തിൽ നിന്നിറങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് എങ്ങനെയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാകുക എന്നതായിരിക്കും പ്രധാനമായും കോടതി പരിശോധിക്കുക.
കേസ് അട്ടിമറിക്കുന്നതിൽ എഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ പരിധിയിൽ വരും. യഥാർത്ഥ റിപ്പോർട്ട് പൂഴ്ത്തിവെച്ചതായും, ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.
കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കുമ്പോൾ നിയമപരമായ പഴുതുകൾ അടച്ചുകൊണ്ടുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. നടപടികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് നീക്കങ്ങൾ. അടുത്ത ആഴ്ച തന്നെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരേ സസ്‌പെൻഷൻ അടക്കമുള്ള നടപടി ഉടൻ ഉണ്ടായേക്കാം. ആഭ്യന്തരവകുപ്പാകും അതിൽ നടപടിയെടുക്കുക. കേസ് അട്ടിമറിക്കാൻ ഇടപെട്ട എ.ഡി.ജി.പി.എം.ആർ. അജിത് കുമാറിനെതിരേയും നടപടിയുണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയത് എ.ഡി.ജി.പി.യാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചവിവരം. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
2023 ഡിസംബർ 15-നായിരുന്നു സംഭവം. നവകേരളസദസ്സിന്റെ ബസ് കടന്നുപോയപ്പോൾ, ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കൽ പോലീസിന്റെ മുന്നിൽവെച്ചാണു മർദിച്ചത്. ബസിനു പിന്നാലെ വന്ന കാറിൽനിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാർ ഇവരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. ആലപ്പുഴ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.
Post a Comment