മുക്കം : നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മ ചെപ്പ് തുറന്ന് മിലാപ്പ് 22. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നാമഥേയത്തിലറിയപ്പെടുത്ത മുക്കം എം.എ.എം.ഒ കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982 മുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ 'മിലാപ്പ്' 22' സംഗമത്തില്‍ പങ്കാളികളായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ പലര്‍ക്കും ഏറെ വൈകാരികമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. നടിയും മോഡലുമായ അഞ്ജലി അമീര്‍ മിലാപ്പ് 22 ഉദ്ഘാടനവും പുതുക്കിയ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. ടി.പി. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ അലുംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു . അലുംനി സെക്രട്ടറി റീന ഗണേഷ്, സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് വയലില്‍ എന്നിവര്‍ സംസാരിച്ചു. അലുംനി കുടുംബാംഗം ഹംദാന്‍ ഡാനിഷ് ഹുസ്സൈന് ആദരാജ്ഞലി നേര്‍ന്നാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. മണ്‍മറഞ്ഞുപോയ സഹപാഠികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വിരമിച്ച അധ്യാപകരെയും ഓഫീസ് ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു.
'ബിഹൈന്‍ഡ് ദ ബ്ലാക്ക് ബോര്‍ഡ്' കൂറ്റന്‍ ചിത്രം കോളേജിന് കൈമാറി. വെബ്‌സൈറ്റ് പ്രകാശനം മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി അബ്ദുള്ളക്കോയ യും മൊബൈല്‍ ആപ്പിന്റെ പ്രകാശനം ആദ്യവിദ്യാര്‍ഥി അബ്ദുല്‍ ഹക്കീം കമ്പളത്തും നിര്‍വഹിച്ചു. അലുംനി കോളേജിന് നല്‍കുന്ന ഫണ്ട് സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് വയലില്‍ പ്രിന്‍സിപ്പാളിന് കൈമാറി. പൂര്‍വ വിദ്യാര്‍ത്ഥികളുടെ ബാച്ച് തിരിച്ചുള്ള ഒത്തുചേരലും, കോഴിക്കോട് വണ്‍സ്‌മോര്‍ കലാഭവന്റെ സംഗീത പരിപാടിയും അരങ്ങേറി. സാംസ്‌കാരിക പരിപാടിയില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടന്നു.



Post a Comment